സദ്യ സ്പെഷ്യൽ മധുര പച്ചടി തയ്യാറാക്കിയാലോ; പൈനാപ്പിൾ പച്ചടി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; അടിപൊളി രുചിയാണ്..!! | Sadya Special Madhura Pachadi Recipe

Sadya Special Madhura Pachadi Recipe : ഓണസദ്യയിൽ പച്ചടിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. മധുരവും പുളിയും ചെറിയ എരിവും ഒത്തുചേരുന്ന പച്ചടികൾ സദ്യയുടെ രുചി ഇരട്ടിയാക്കുന്നവയാണ്. എല്ലാ വർഷവും ഒരേ രീതിയിലുള്ള പച്ചടികൾ തയ്യാറാക്കുന്നതിന് പകരം ഇത്തവണ കുറച്ച് വ്യത്യസ്തമായി ഒരു സ്പെഷ്യൽ മധുരപ്പച്ചടി തയ്യാറാക്കി നോക്കാം. പൈനാപ്പിളിന്റെ മധുരവും പഴത്തിന്റെ സോഫ്റ്റ് ടെക്സ്ചറും തൈറിന്റെ ക്രീമിയായ രുചിയും എല്ലാം ചേർന്ന ഈ പച്ചടി ഓണസദ്യയ്ക്ക് മികച്ച ഒരു വിഭവമാകും. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

ഈ മധുരപ്പച്ചടി തയ്യാറാക്കാൻ ആദ്യം ഒരു പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം അത് ഒരു കുക്കറിലേക്ക് മാറ്റി അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുക്കർ അടച്ച് ചെറുതീയിൽ നാല് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം കുക്കർ തുറന്ന് പൈനാപ്പിൾ മിശ്രിതം ഒരു കലച്ചട്ടിയിലേക്ക് മാറ്റുക. ഇതിലേക്ക് ചെറിയ പഴം കഷണങ്ങളാക്കി ചേർക്കുക. കൂടാതെ കുറച്ച് ചൂടുവെള്ളവും കറിവേപ്പിലയും ചേർത്ത് ഏകദേശം അഞ്ച് മിനിറ്റ് കൂടി ചെറുതീയിൽ വേവിക്കണം. ഇതിലൂടെ പച്ചടിക്ക് കൂടുതൽ മധുരവും നല്ലൊരു ഫ്ലേവറും ലഭിക്കും.

ഇതിനിടയിൽ പച്ചടിക്കാവശ്യമായ തേങ്ങയുടെ അരപ്പ് തയ്യാറാക്കാം. അതിനായി ആവശ്യത്തിന് തേങ്ങ, രണ്ട് പച്ചമുളക്, കാൽ ടീസ്പൂൺ ചെറിയ ജീരകം, മൂന്ന് ടേബിൾസ്പൂൺ തൈര്, അര ടീസ്പൂൺ കടുക് എന്നിവ മിക്സിയിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഈ മിശ്രിതം വേവിച്ചുവെച്ച പൈനാപ്പിൾ കൂട്ടിലേക്ക് ചേർക്കണം. കൂടാതെ പതിനഞ്ചോളം കറുത്ത മുന്തിരിയും ചേർത്താൽ രുചി കൂടുതൽ സമ്പന്നമാകും. എല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അഞ്ച് ടേബിൾസ്പൂൺ തൈര് മിക്സിയിൽ ഒന്ന് വിപ്പ് ചെയ്ത് മൃദുവാക്കണം.

ഇപ്പോൾ തിളച്ചുകൊണ്ടിരിക്കുന്ന പച്ചടിയിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും വിപ്പ് ചെയ്ത തൈരും ചേർത്ത് നന്നായി ഇളക്കുക. തൈര് ചേർത്തതിന് ശേഷം അധികസമയം തിളപ്പിക്കാതെ തീ ഓഫ് ചെയ്യണം. ഇനി അവസാനമായി വറവ് തയ്യാറാക്കാം. ഒരു ചെറിയ പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇഷ്ടമുണ്ടെങ്കിൽ വറ്റൽമുളകും കറിവേപ്പിലയും ചേർക്കാം. ഈ വറവ് പച്ചടിയിലേക്ക് ഒഴിച്ചാൽ സദ്യ സ്പെഷ്യൽ മധുരപ്പച്ചടി റെഡി. ഈ ഓണത്തിന് സദ്യയിൽ ഒരു സ്പെഷ്യൽ ഐറ്റമായി ഇത് തീർച്ചയായും ഉൾപ്പെടുത്താം. Sadya Special Madhura Pachadi Recipe : credit : Veena’s Curryworld

Also Read : ടേസ്റ്റി ക്രിസ്പി ഉഴുന്ന് സ്നാക്ക് – നാലുമണിക്കൊരു കിടിലൻ പലഹാരം.

Sadya Special Madhura Pachadi Recipe