എന്തിനും തല്ലും അടിയും മാത്രം ശീലമാക്കിയിരുന്ന അധ്യാപകരുടെ സ്ഥാനത്തേക്ക് ഇപ്പോൾ കുട്ടി കുറുമ്പുകളും കഴിവുകളും പ്രോത്സാഹിപ്പിക്കുകയും കുട്ടികൾക്കൊപ്പം തമാശ പറഞ്ഞ് കളിചിരിയോട് കൂടി അധ്യാപനം നടത്തുകയും ചെയ്യുന്ന ഗുരുക്കന്മാരാണ് ഹീറോകളായി മാറിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രായത്തിനും കളിചിരികൾക്കും അനുസൃതമായി അധ്യാപകരുടെ കരുതലും പിന്തുണയും മാറി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ അതിന് ഉദാഹരണം
എന്ന രീതിയിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പങ്കുവെച്ച ഒരു ഫേസ്ബുക്ക് വീഡിയോ ആണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത് അധ്യാപകൻ കുട്ടികൾക്ക് അവരുടെ ഒരു ഉറ്റ ചങ്ങാതിയാണെന്ന് തന്നെയാണ്. പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുന്ന അധ്യാപകന്റെ ചുറ്റും നിറഞ്ഞ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ആണ് വിദ്യാർത്ഥികൾ ചേർന്ന് നിൽക്കുന്നത്. മാത്രവുമല്ല അധ്യാപകന്റെ തോളിൽ കയ്യിട്ട് ഏറ്റവും അടുത്ത സഹപാഠിയോട് എന്നവണ്ണമാണ് അവർ ഓരോ കാര്യങ്ങളും സംസാരിക്കുന്നതും.
ഉത്തര പേപ്പർ നോക്കുന്ന അധ്യാപകൻ കുട്ടികളോടാണ് ശരിയാണോ ശരിയാണോ എന്ന് ചോദിക്കുന്നത്. പിന്നിൽ കുട്ടികൾ ശരിയാണെന്ന് പറയുന്നതിനനുസരിച്ചാണ് അധ്യാപകൻ പരീക്ഷ പേപ്പർ നൽകുന്നതും. കാസർഗോഡ് ഉദിയന്നൂർ സെൻട്രൽ യുപി സ്കൂളിലെ സുജിത്ത് മാഷും കുട്ടികളുമാണ് വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത്.
വീഡിയോ ഇതിനോടകം തന്നെ 25 ലക്ഷത്തിലധികം ആളുകൾ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപനത്തിന്റെ വത്യസ്ഥ മുഖമാണ് സുജിത്ത് മാഷ് എന്നും ഇന്നത്തെക് കാലത്ത് കുട്ടികൾക്ക് ആവശ്യവും അതു തന്നെയാണെന്ന് ഒരുപാട് പേര് കമൻറ് ആയി കുറിക്കുന്നു. ഒപ്പം വിദ്യാർത്ഥികളെ ഇത്രയധികം ചേർത്തുപിടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാതൃക അധ്യാപകന് ആശംസകൾ അറിയിച്ച നിരവധി പേർ രംഗത്തെത്തുന്നുണ്ട്.