മിമിക്രി രംഗത്ത് നിന്ന് നിരവധിപേർ മലയാള സിനിമയിൽ എത്തിയിട്ടുണ്ട്. അവർ പിന്നീട് മലയാള സിനിമയുടെ അഭിവാജ്യ ഘടകങ്ങളായി മാറിയിട്ടുമുണ്ട്. അത്തരമൊരു കലാകാരന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ കാണുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനും പ്രീഡിഗ്രിക്കും ശേഷം, ബിരുദ വിദ്യാഭ്യാസത്തിനായി മഹാരാജാസ് കോളേജിൽ എത്തിയതോടെയാണ് ഈ കലാകാരൻ, സ്വന്തം കലയെ തിരിച്ചറിയുന്നത്. യൂണിവേഴ്സിറ്റി തലത്തിൽ മൂന്ന് തവണ
മിമിക്രിക്ക് സമ്മാനം നേടിയ സലിം കുമാറിനെയാണ് നിങ്ങൾ ഇവിടെ കാണുന്നത്. കലാഭവനിൽ മിമിക്രി കലാകാരനായി കരിയർ തുടങ്ങിയ സലിം കുമാർ, 1997-ലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. സിദ്ധിഖ് ഷമീർ സംവിധാനം ചെയ്ത ‘ഇഷ്ടമാണ് നൂറ് വട്ടം’ എന്ന ചിത്രത്തിലൂടെയാണ് സലിം കുമാർ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. ഹാസ്യ നടനായി സിനിമയിൽ തിളങ്ങിയ സലിം കുമാർ, പിന്നീട് അത്തരം കഥാപാത്രങ്ങൾ മാത്രം
ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. പിന്നീട്, ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം തന്റെ സേഫ് സോൺ വിട്ട് അഭിനയിച്ചു തുടങ്ങിയ സലിം കുമാർ, സ്വഭാവ നടനായും, വില്ലനായും നായകനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങി. 2010-ൽ പുറത്തിറങ്ങിയ ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിന് സലിം കുമാർ മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കി. മികച്ച നടനും, മികച്ച സഹനടനുമുള്ള കേരള സംസ്ഥാന അവാർഡുകളും സലിം കുമാർ നേടിയിട്ടുണ്ട്.
അഭിനയത്തിന് പുറമെ സംവിധായകനായും സലിം കുമാർ തന്റെ കഴിവുകളെ പ്രേക്ഷകർക്ക് മുന്നിൽ പ്രകടിപ്പിച്ചു. 2022-ൽ പുറത്തിറങ്ങിയ ‘പട’ ആണ് സലിം കുമാറിന്റേതായി ഏറ്റവും ഒടുവിൽ ബിഗ് സ്ക്രീനിൽ എത്തിയ ചിത്രം. നടനും സംവിധായകനും സ്റ്റാൻഡ്-അപ്പ് കൊമേഡിയനുമായ രമേശ് പിഷാരടിയെ ഉൾപ്പടെ നിരവധി പേരെ കൈപ്പിടിച്ചു കൊണ്ടുവന്ന സലിം കുമാർ, ഇന്നും മലയാള സിനിമയിൽ അതുല്ല്യനായി തുടരുന്നു.