Real and Reel Journey of Najeeb Aadujeevitham : ലോകമെമ്പാടുള്ള മലയാളികൾ വർഷങ്ങളായി കാണാൻ കാത്തിരുന്ന ചിത്രമായിരുന്നു ബ്ലസിയുടെ ആടുജീവിതം. ബെന്യാമിൻ്റെ ആടുജീവിതം എന്ന മികച്ച നോവലിനെ അടിസ്ഥാനമാക്കിയാണ് സംവിധായകനായ ബ്ലെസി ഈ ചിത്രം ചെയ്തിരിക്കുന്നത്. 2008-ൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച ഈ ചിത്രം 2018ൽ കൂടുതൽ ചിത്രീകരണം ആരംഭിക്കുകയും, 16 വർഷങ്ങൾക്കിപ്പുറം 2023 ജൂലൈയിൽ ചിത്രീകരണം പൂർത്തിയാവുകയും,
2024 മാർച്ച് 28-ന് റിലീസിനെത്തുകയും ചെയ്തു. ജോർദ്ദാനിലായിരുന്നു ചിത്രത്തിൻ്റെ മിക്ക ഭാഗവും ഷൂട്ട് ചെയ്തത്. പ്രധാന കഥാപാത്രമായ നജീബായി എത്തിയത് പൃഥ്വിരാജായിരുന്നു. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ചിത്രത്തിൽ നായികയായെത്തുന്നത് അമല പോളാണ്. ശോഭ, കെ ആർ ഗോകുൽ, ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ്, അറബ് നടന്മാരായ താലിബ് അൽ ബലൂഷി, റിക്കബി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
എ ആർ റഹ്മാൻ്റെ സംഗീതവും, റസൂൽ പൂക്കുറ്റിയുടെ പശ്ചാത്തല സംഗീതത്തിലും ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ചിത്രം റിലീസാകുന്നതിന് മുന്നേ വൈറലായി മാറിയിരുന്നു. എന്നാൽ തിയേറ്ററിൽ ചിത്രം എത്തിയപ്പോൾ, ആദ്യ ഷോയിൽ തന്നെ പ്രേക്ഷകരിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു. ആടുജീവിതത്തിന് ഓസ്കാർ കിട്ടുമെന്നും, പൃഥ്വിരാജ് എന്ന നടൻ ദേശീയ അവാർഡ് കരസ്ഥമാക്കും തുടങ്ങി നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ഉണ്ടായത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട്, പൃഥ്വിരാജും, അമല പോളുമായുള്ള നിരവധി ഇൻ്റർവ്യൂകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നെങ്കിലും,
ഇപ്പോൾ, സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പൃഥ്വിരാജും, നജീബിക്കയുമായുള്ള സംഭാഷണമാണ്. ‘ നജീബിക്ക ജീവിതത്തിൽ അനുഭവിച്ചതിൻ്റെ ഒരു ശതമാനം പോലും സ്ക്രീനിൽ കൊണ്ടുവരാൻ പറ്റില്ലെന്നും, എന്നാൽ ഇനി ഒരു അവസരം ലഭിച്ചാൽ നജീബിക്ക അവിടെ പോവുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് നജീബ് നൽകുന്നത്. വീട്ടുകാർ നജീബ് അനുഭവിക്കുന്ന വിഷമങ്ങൾ അറിഞ്ഞിരുന്നില്ലെന്നും, ബാപ്പ വീട്ടിലൊന്നും പറഞ്ഞിരുന്നില്ലെന്നും മകൻ പറയുകയുണ്ടായി. നോവൽ ഇറങ്ങിയ ശേഷമാണ് നജീബിൻ്റെ കുടുംബം അദ്ദേഹം അനുഭവിച്ച യാതനകൾ അറിയുന്നത്.’ അദ്ദേഹത്തിൻ്റെ അനുഭവങ്ങളാണ് പൃഥ്വിരാജുമായി നജീബിക്ക പങ്കു വയ്ക്കുന്നത്. ആടുജീവിതം സിനിമ ഇപ്പോഴും വൻ ഹിറ്റോടെ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്.