കെപിഎസി ലളിതയെ കാത്തിരുന്നത് 85 ലക്ഷം രൂപയുടെ കടബാധ്യത; ലളിതാമ്മയുമായുള്ള അനുഭവം പങ്കുവെച്ച് മലയാളികളുടെ പ്രിയനടി.!! | Lakshmi Priya about Kpsc

മലയാളികൾക്ക് ഇന്നും വിശ്വസിക്കാൻ കഴിയാത്ത, അല്ലെങ്കിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത വാർത്തയാണ് നടി കെപിഎസി ലളിതയുടെ വിയോഗം. ജീവിതത്തിൽ നിന്ന് അരങ്ങൊഴിഞ്ഞെങ്കിലും തന്റെ കഥാപാത്രങ്ങളിലൂടെ കെപിഎസി ലളിത എന്ന നടി നമുക്കിടയിൽ ഇന്നും ജീവിച്ചിരിക്കുന്നു. ഇപ്പോഴും, സിനിമയിലുള്ള ലളിതാമ്മയുടെ പല സഹപ്രവർത്തകരും, നടിയെ കുറിച്ചുള്ള ഓർമ്മകൾ അവസരോചിതമായി പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ ലളിതാമ്മയുമായുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് നടി ലക്ഷ്മി പ്രിയ എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മാർച്ച്‌ മാസം 10-ാം തിയ്യതിയായിരുന്നു കെപിഎസി ലളിതയുടെ ജന്മദിനം. മാർച്ച്‌ 11-നാണ് ലക്ഷ്മി പ്രിയയുടെ ജന്മദിനം. ഒരിക്കൽ തങ്ങളുടെ ജന്മദിനം ഇരുവരും ഒരുമിച്ച് ആഘോഷിച്ച സന്ദർഭം ലക്ഷ്മി പ്രിയ ഓർക്കുന്നു. “കഥ തുടരുന്നു എന്ന സിനിമ കോഴിക്കോട് നടക്കുമ്പോൾ വെളുപ്പിന് ലളിതാമ്മ എന്റെ വാതിലിൽ മുട്ടുന്നു. “ഹാപ്പി ബർത്ത് ഡേ ഡാ… ഇത് ഒരു മുണ്ടും നേര്യതുമാണ്‌, ഞാൻ ഒറ്റത്തവണ ഉടുത്തത്. അതെങ്ങനാ ഇന്നലെ രാത്രീലല്യോ നീ പറഞ്ഞത് നിന്റെ പൊറന്നാൾ ആണെന്ന്. ഞാമ്പിന്നെ എന്തോ ചെയ്യും?”

പിറന്നാൾ നേരത്തേ അറിയിക്കാഞ്ഞതിനാലും സമ്മാനം പുതിയതല്ലാത്തതിനാലുമുള്ള പരിഭവം.” “ഞങ്ങൾ അന്ന് തളീലമ്പലത്തിൽ പോയി. ആ വയ്യാത്ത കാലും വച്ച് എന്റെ പേരിൽ വഴിപാട് കഴിച്ച് പ്രദക്ഷിണം വച്ചിറങ്ങുമ്പോഴാണ് പറയുന്നത് നീ മാർച്ചു 11. ഞാൻ 10. ഇന്നലെ ആയിരുന്നു എന്റെ… അപ്പൊ മാത്രമാണ് ഞാൻ ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാൾ അറിയുന്നത്. ഒരു അർച്ചന പോലും നടത്തിയില്ല…. വൈകിട്ട് കേക്ക് രണ്ടാളും ചേർന്നു മുറിച്ചു,” ലക്ഷ്മി പ്രിയ കുറിച്ചു. കെപിഎസി ലളിത അവരുടെ ജീവിതത്തിൽ നേരിട്ട ഒരു വലിയ വെല്ലുവിളിയും, അതിനെ മറികടന്നതും ലക്ഷ്മി പ്രിയ വെളിപ്പെടുത്തുന്നു.

“കെപിഎസി ലളിത എന്ന വ്യക്തി അവരുടെ ജീവിതം കൊണ്ടും എന്നെ വിസ്മയിപ്പിച്ച മഹാനടിയാണ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഭർത്താവ് വരുത്തി വച്ച 85 ലക്ഷം രൂപയുടെ കട ബാധ്യതയും പേറി ഇരുട്ടിലേക്ക് നോക്കി നിന്ന ഇടത്തിൽ നിന്നും തിരിച്ചു നടന്ന് ഇതുവരെ എത്തി അടയാളം പതിപ്പിച്ചരങ്ങൊഴിഞ്ഞതിൽ, ഒരു മനുഷ്യായുസ്സിന് താങ്ങാവുന്നതിലധികം ഭാരം വീട്ടി തൊടിയിൽ അങ്ങേ അറ്റത്ത് മതിലിനോട് ചേർന്ന് ഇത്തിരി മണ്ണിലെ ചിതയിൽ എരിഞ്ഞടങ്ങിയതിൽ,” ലക്ഷ്മി പ്രിയ കുറിച്ചു.

Comments are closed.