വാഹനാപകടത്തിൽ മരണപ്പെട്ട കൊല്ലം സുധിയുടെ സ്വപ്നം സാക്ഷാത്കാരമാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. വടകരയിൽ നിന്ന് ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വാഹനാപ കടത്തിൽ പെട്ടത്.
അതിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. സുധിയുടെ മരണശേഷം വീട് പോലും സ്വന്തമായി ഇല്ലാത്ത സുധിയുടെ കുടുംബത്തെ താങ്ങി നിർത്താൻ നിരവധി പേർ രംഗത്ത് വന്നിരുന്നു. ഫ്ലവേഴ്സ് ചാനലിൽ ഷോകൾ ചെയ്തിരുന്ന സുധിയ്ക്ക് വീട് വച്ചു നൽകുമെന്ന് ഫ്ലവേഴ്സ് ചാനലും ട്വൻ്റി ഫോറും ചേർന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ സുധിയുടെ സ്വപ്നം പൂവണിയാൻ പോവുകയാണ്. സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാനുള്ള ഏഴ് സെൻ്റ് സ്ഥലം സൗജന്യമായി നൽകിയിരിക്കുകയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ്.
ചങ്ങനാശ്ശേരിയിലുള്ള സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത് സുധിയുടെ രണ്ട് മക്കളായ രാഹുലിൻ്റെയും റിതുലിൻ്റെയും പേരിലാണ്. സ്ഥലത്തിൻ്റെ രേഖകൾ അദ്ദേഹം സുധിയുടെ ഭാര്യ രേണുവിന് കൈമാറുകയും ചെയ്തു. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻറ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത്തെ മിഷനണി ബിഷപ്പാണ് നോബിൾ ഫിലിപ്പ്. കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് സുധിയുടെ കുടുംബത്തിന് പണിഞ്ഞ് നൽകാൻ പോകുന്ന വീട് നിർമ്മിക്കുന്നത്.
ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയിലെ ഈ സ്ഥലം എൻ്റെ കുടുംബസ്വത്തായി കിട്ടിയതാണെന്നും, അതിനടുത്ത് തന്നെ എനിക്കും വീടുപണിയുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ഇഷ്ടദാനമായി നൽകിയ സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ കഴിഞ്ഞുവെന്നും, സുധിയുടെ മക്കളായ രണ്ടു പേരുടെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തതെന്നും, ഉടൻ തന്നെ വീടിൻ്റെ പണികൾ ആരംഭിക്കുമെന്നും ബിഷപ്പ് പറയുകയുണ്ടായി. സുധിചേട്ടൻ്റെ വലിയ സ്വപ്നമാണ് സഫലമാകാൻ പോകുന്നതെന്നും, ചേട്ടൻ്റെ ആത്മാവ് നന്ദി പറയുന്നുണ്ടാവുമെന്നും സുധിയുടെ ഭാര്യ രേണു പറയുകയുണ്ടായി.