How To Make Compost Easliy : വീടിനോട് ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടമോ പൂന്തോട്ടമോ ഉണ്ടാകണമെന്ന് പലർക്കും ആഗ്രഹമുണ്ടാകും. വീട്ടിൽ തന്നെ പച്ചക്കറികളും പൂക്കളും വളർത്തുമ്പോൾ ലഭിക്കുന്ന സന്തോഷം വേറിട്ടതാണ്. എന്നാൽ ചെടികൾ ആരോഗ്യത്തോടെ വളരാൻ നല്ല വളപ്രയോഗം നിർബന്ധമാണ്. പലരും കടകളിൽ നിന്ന് വിലകൂടിയ വളങ്ങൾ വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാൽ വീട്ടിൽ ലഭ്യമായ സാധനങ്ങൾ മാത്രം ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവിൽ മികച്ച ജൈവവളം തയ്യാറാക്കാൻ സാധിക്കും. അതിൽ ഏറ്റവും എളുപ്പവും ഫലപ്രദവുമായ ഒന്നാണ് കരിയില കമ്പോസ്റ്റ്. വീട്ടുമുറ്റത്ത് വീണ് കിടക്കുന്ന കരിയിലകളും പച്ചിലകളും ഉപയോഗിച്ച് മികച്ച കമ്പോസ്റ്റ് തയ്യാറാക്കി ചെടികൾക്ക് നൽകാം.
കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ പ്രത്യേക ചെലവോ വലിയ സംവിധാനങ്ങളോ ആവശ്യമില്ല. ആവശ്യമായ സാധനങ്ങൾ കരിയില, കുറച്ച് പച്ചയില, ചാണകവെള്ളം എന്നിവയാണ്. ആദ്യം ഒരു പ്ലാസ്റ്റിക് ചാക്ക് എടുക്കുക. ചെറിയ വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ ഓട്ടകളുള്ള ചാക്ക് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ശേഷം മുറ്റത്തും പരിസരത്തും വീണുകിടക്കുന്ന കരിയിലകൾ ശേഖരിച്ച് ചാക്കിൽ നിറക്കുക. ആദ്യ ഘട്ടത്തിൽ ചാക്കിന്റെ ഏകദേശം കാൽഭാഗം വരെ കരിയില നിറയ്ക്കുക. ഇത് കമ്പോസ്റ്റിന്റെ പ്രധാന അടിത്തറയായിരിക്കും. ഉണങ്ങിയ കരിയിലകൾ ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണ്.
അടുത്തതായി പച്ചിലകൾ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു ലെയറായി കരിയിലയുടെ മുകളിൽ ഇടുക. വള്ളിപ്പടർപ്പുകൾ പോലുള്ള പച്ച ഇലകൾ ഇതിനായി ഉപയോഗിക്കാം. ചെറുതായി മുറിച്ചാൽ അവ വേഗത്തിൽ അഴുകാൻ സഹായിക്കും. ഇനി ഇതിന്റെ മുകളിലേക്ക് അല്പം ചാണകവെള്ളം ഒഴിക്കുക. ഇത് കമ്പോസ്റ്റ് രൂപപ്പെടുന്ന പ്രക്രിയ വേഗത്തിലാക്കുകയും നല്ല സൂക്ഷ്മജീവികളുടെ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യും. വീണ്ടും അതേ രീതിയിൽ കരിയില, പച്ചില, ചാണകവെള്ളം എന്ന ക്രമത്തിൽ ലെയറുകൾ സെറ്റ് ചെയ്യുക. ചാക്ക് നിറയുന്നതുവരെ ഈ പ്രക്രിയ ആവർത്തിക്കാം. ഓരോ ലെയറും ശരിയായി ക്രമീകരിച്ചാൽ കമ്പോസ്റ്റ് മികച്ച രീതിയിൽ രൂപപ്പെടും.
ചാക്ക് പൂർണമായും നിറഞ്ഞ ശേഷം മുകൾഭാഗം നന്നായി അടച്ച് കെട്ടിവയ്ക്കുക. ചാക്ക് നൂൽ ഉപയോഗിച്ച് ടൈറ്റായി കെട്ടുന്നത് കൂടുതൽ നല്ലതാണ്. പിന്നീട് ഈ ചാക്ക് തുറക്കാതെ കുറച്ച് ദിവസങ്ങൾ ഒരു വശത്ത് വെക്കുക. ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കുന്നതിനാൽ ചാക്കിനുള്ളിലെ ഇലകളും പച്ചിലകളും പതുക്കെ അഴുകിത്തുടങ്ങും. കുറച്ച് ആഴ്ചകൾക്കുശേഷം ഇത് നല്ല ജൈവവളമായി മാറും. തയ്യാറായ കമ്പോസ്റ്റ് ചെടികൾക്ക് നൽകുമ്പോൾ വളർച്ചയും ആരോഗ്യവും വ്യക്തമായി മെച്ചപ്പെടുന്നത് കാണാം. വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ചെലവുകുറച്ച് മികച്ച വളം തയ്യാറാക്കാനുള്ള ഒരു എളുപ്പ മാർഗമാണിത്. How To Make Compost Easliy : credit : walks with ponny