പഞ്ചാബി ഹൗസിലെ മുതലാളിയുടെ ഓർമ്മകൾക്ക് പന്ത്രണ്ടാണ്ട്..!! ഓർമകളിൽ നിറ ചിരിയുമായി കൊച്ചിൻ ഹനീഫ… വേദനയോടെ ഓർമ്മകൾ കുറിച്ച് ഗിന്നസ് പക്രു…

മലയാള സിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭകളിൽ ഒന്നാണ് കൊച്ചിൻ ഹനീഫ. വില്ലനായും സഹനടനായി കോമഡിയനായും ഒക്കെ മലയാളിയെ കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ പ്രിയതാരം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഹനീഫയുടെ ഓർമ്മദിനത്തിൽ ഗിന്നസ് പക്രു തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

പക്രുവിനെ എടുത്തുകൊണ്ടു നിൽക്കുന്ന ഹനീഫയുടെ ഒരു പഴയ കാല ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ട ഹനീഫിക്ക സ്മരണാഞ്ജലി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലുമടക്കം സിനിമാരംഗത്തെ നിരവധി താരങ്ങളാണ് പ്രിയനടന്റെ ഓർമകൾക്ക് മുൻപിൽ പൂക്കൾ അർപ്പിച്ചിരിക്കുന്നത്.

2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫക്ക് മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിയേകിയത്. കൊച്ചിൻ ഹനീഫ മലയാള സിനിമാലോകത്ത് ബാക്കിയാക്കി പോയ വിടവ് ഇപ്പോഴും ആർക്കും നികത്താനായിട്ടില്ലന്ന് പറയുന്നതാവും സത്യം. നിഷ്കളങ്ക ഹാസ്യം മുഖമുദ്രയാക്കിയ കൊച്ചിൻ ഹനീഫയുടെ പേര് കേൾക്കുമ്പോൾ തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്കെത്തുന്ന കഥാപാത്രങ്ങൾ നിരവധിയാണ്.

കിരീടത്തിലെ ഹൈദ്രോസായും മന്നാര്‍ മത്തായിയിലെ എൽദോയായും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയായും ഹിറ്റ്ലറിലെ ജബ്ബാറായുമൊക്കെ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നുണ്ട്.. ഇതിനും ഒക്കെ അപ്പുറത്ത് കൊച്ചിൻ ഹനീഫയുടെ തൂലികയിൽ പിറന്നതും സംവിധാനം ചെയ്തതുമായ ഒരുപിടി മികച്ച ചിത്രങ്ങളും. അതുല്യ പ്രതിഭയ്ക്ക് പ്രണാമം.!!

Comments are closed.