ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍! താര സമ്പന്നമായി കേരളപിറവി ആഘോഷം, ഒരുമിച്ചെത്തി മമ്മൂക്കയും ലാലേട്ടനും

67th Kerala Piravi Celebration

കേരളം ഇന്ന് അതിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ കേരളിയ തനിമയെയും മാതൃകകളെയും ലോകത്തിനു മുൻപിൽ തുറന്നുകാട്ടുന്ന കേരളീയം 2023 ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ഇന്ന് രാവിലെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ സീരിയൽ താരങ്ങളും പങ്കെടുത്തിരുന്നു.

ഇവർക്ക് പുറമേ രാഷ്ട്രീയ സാമൂഹിക രംഗത്തെ മുതിർന്ന നേതാക്കളും പ്രശസ്തരും പങ്കെടുക്കുകയുണ്ടായി. എല്ലാവരും കേരളീയ തനിമയെയും കേരളത്തിൻറെ പൈതൃകത്തെയും വിളിച്ചോതുന്ന വാക്കുകൾ ആണ് വേദിയിൽ പറഞ്ഞത്. അതിൽ മമ്മൂട്ടിയുടെ പ്രസംഗം ആണ് കൂടുതൽ ആളുകളെ ആകർഷിച്ചത്. മുൻകൂർ തയ്യാറാക്കിയ പ്രസംഗക്കുറിപ്പിന്റെ അകമ്പടിയില്ലാതെയാണ് താരം ഉദ്ഘാടന വേദിയിലേക്ക് എത്തിയതും. കേരളീയം എന്നത് മഹത്തായ ഒരു ആശയത്തിന്റെ തുടക്കമാണെന്നും

ലോകസാഹോദര്യത്തിന്റെ വികാരമായി അത് മാറട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ലോകത്തിന് തന്നെ സ്നേഹത്തിനും സൗഹൃദത്തിനും മാതൃകയാവുകയും രാഷ്ട്രീയ, മതം, ജാതി ചിന്ത എല്ലാം ഒഴിവാക്കി എല്ലാവരും മലയാളികൾ ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇന്നത്തെ ഈ വികസനങ്ങളും കേരളത്തിൻറെ മാറ്റങ്ങളും, ഇതുവരെ കണ്ട സ്വപ്നങ്ങൾക്ക് പിന്നാലെ ഇനിയുള്ള സ്വപ്നങ്ങളും ഒന്നിച്ച് കാണാം എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. കവടിയാർ മുതൽ കിഴക്കേകോട്ട വരെ 42 വേദികളിലായി അരങ്ങേറുന്ന കേരളീയം നവംബർ 2 മുതൽ 6 വരെ രാവിലെ സെമിനാറുകളോടെയാണ് നടക്കുക.