മലയാളികളുടെ മാമുക്കോയ അഭിനയിച്ച ഏക വിദേശ ഭാഷ ചിത്രം; ഈ ഫ്രഞ്ച് ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം.!! | Mamukkoya French Movie

Mamukkoya French Movie : മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മാമുക്കോയ. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചും, സീരിയസ് കഥാപാത്രങ്ങളിലൂടെ അതിനനുസരിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയും നാലു പതിറ്റാണ്ടിലേറെക്കാലമായി മാമുക്കോയ മലയാള സിനിമ ഇൻഡസ്ട്രിയിൽ സജീവമായി തുടരുന്നു. 1979-ൽ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലാണ് മാമുക്കോയ ആദ്യമായി അഭിനയിച്ചത്. പിന്നീട് ധാരാളം മലയാളം സിനിമകളിൽ അദ്ദേഹം വേഷമിടുകയുണ്ടായി.

450 ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാമുക്കോയ, വിരലിലെണ്ണാവുന്ന വളരെ കുറച്ച് തമിഴ് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഇത് കൂടാതെ മറ്റു ഇന്ത്യൻ ഭാഷ സിനിമകളിൽ ഒന്നുംതന്നെ അദ്ദേഹം അഭിനയിച്ചിട്ടുമില്ല. എന്നാൽ, മാമുക്കോയ ഒരു വിദേശ ഭാഷ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന യാഥാർത്ഥ്യം നിങ്ങളെ ചിലപ്പോൾ അത്ഭുതപ്പെടുത്തിയേക്കാം. അതെ, മാമുക്കോയ ഒരു വിദേശ ഭാഷ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്, അതും ഒരു ഫ്രഞ്ച് ചിത്രത്തിൽ.

മാർകസ് ഇംഹൂഫ് സംവിധാനം ചെയ്ത ‘ഫ്ലെമെൻ ഇം പാരഡീസ്’ എന്ന ഫ്രഞ്ച് ചിത്രത്തിലാണ് മാമുക്കോയ അഭിനയിച്ചിട്ടുള്ളത്. എലോഡി ബൗച്ചസ്, ലോറന്റ് ഗ്രെവിൽ, ബ്രൂണോ ടോഡെസ്ചിനി, സ്വെറ്റ്‌ലാന ഷോൺഫെൽഡ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം 1997-ലാണ് പുറത്തിറങ്ങിയത്. ജാക്വസ് അക്കോട്ടി, മാർക്കസ് ഇംഹൂഫ്, ജൂഡിത്ത് കെന്നൽ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, മാമുക്കോയ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര് ജോസഫ് എന്നായിരുന്നു.

ഒരു കപ്പലിലെ മധുവിധുവിൽ, സമ്പന്നനായ ഒരു പ്ലാന്റ് ഉടമയുടെ മകൾ തന്റെ വിവാഹത്തിൽ താൻ സന്തുഷ്ടയല്ലെന്ന് മനസ്സിലാക്കുന്നു. ഇന്ത്യയിലെ മിഷനറിയായ തന്റെ ഭാവി ഭർത്താവിനെ കാണാനുള്ള വഴിയിൽ അവൾ ഒരു പാവപ്പെട്ട സ്ത്രീയെ കണ്ടുമുട്ടുന്നു. ഈ രണ്ട് സ്ത്രീകളും അവരുടെ ഐഡന്റിറ്റി സ്വാപ്പ് ചെയ്യാൻ തീരുമാനിക്കുന്നു. ഇതാണ് ‘ഫ്ലെമെൻ ഇം പാരഡീസ്’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഇതിവൃത്തം. മാമുക്കോയ എന്ന നടന്റെ സിനിമ കരിയറിലെ ഒരു തിളങ്ങി നിൽക്കുന്ന ഏടായി തന്നെ ഈ സിനിമയെ കാണാം.

Comments are closed.